About SKSBV

കേരളത്തിലെ ആധികാരിക മതപണ്ഡിതസഭയാണല്ലോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ്. സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം കീഴ്ഘടകങ്ങളുണ്ട്. അവയില്‍ ഏറ്റവും താഴെയുള്ളതും എന്നാല്‍ അംഗബലത്തില്‍ ഏറ്റവും വലുതുമായ സംഘടനയാണ് സമസ്ത കേരള സുന്നി ബാല വേദി. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ വിദ്യാര്‍ത്ഥികളാണ് സംഘടനയുടെ അംഗങ്ങള്‍. ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‌സിലിനാണ് ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നിയന്ത്രണം. 1993 ഡിസംബര്‍ 26ന് പാണക്കാട് ഉമര്‍ അലി ശിഹാബ് തങ്ങളും മര്‍ഹും കെ.ടി. മാനു മുസ്ലിയാരും ചേര്‍ന്നാണ് സംഘടനയുടെ ആവശ്യതകത സമൂഹത്തിനു മുമ്പില്‍ സമര്‍പ്പിച്ചതും അതിന് അസ്ഥിവാരം പണിതതും. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടം കാതോര്‍ത്തിരുന്നത് ഒരു സത്യം തന്നെയായിരുന്നു.

sksbv-flag-242x300 About SKSBV

ഇല്‍മ് കൊണ്ടും തഖ്വ കൊണ്ടും ശ്രേഷ്ഠതയുള്ളവര്‍ ഇല്ലാതാവുകയും അവിവേകികളായവര്‍ നേതാക്കന്മാരാവുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നമ്മുടെ പ്രയാണം. ഒന്നിനോടും താല്‍പര്യമില്ലാത്ത ഒരുതലമുറയാണ് നമുക്ക് മുന്നില്‍ വളര്‍ന്നു വരുന്നത്. മഹാനായ ഇമാം ഗസ്സാലി(റ) പാടിയ ഒരു കവിത ഇവിടെ കുറിക്കട്ടെ. ”ആടിനെ മേയ്ക്കുന്നവനാണ് ആട്ടിന്‍ പറ്റത്തെ ചെന്നായയില്‍ നിന്നും സൂക്ഷിക്കുക. എന്നാല്‍ അവയെ മേയ്ക്കുന്നവന്‍ തന്നെ ചെന്നായ്ക്കളായാലോ”. എല്ലാ സ്വഭാവ വിശുദ്ധിയും കര്‍മ ചിന്തയും സംഘബോധവും ഉള്‍കൊണ്ട് നന്മകളില്‍ മുന്നേറുകയും തിന്മകളില്‍  നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുന്ന സുഭദ്രമായ ഒരുതലമുറ വളര്‍ന്ന്  വരാന്‍ ബാലവേദികള്‍ ആവശ്യമാണ്. അത് കൊണ്ട് തന്നെ സുന്നി ബാലവേദി എന്ന വിദ്യാര്‍ഥി പ്രസ്ഥാനം ഓരോ മദ്‌റസകളിലും ഉണ്ടായിരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഉമര്‍(റ)പറയുന്നു: ‘നേതൃത്വമില്ലാത്ത സംഘടനയില്ല. അനുസരണമില്ലാത്ത നേതൃത്വവുമില്ല’

സുന്നി ബാലവേദിക്ക് നേതൃത്വം നല്‍കുന്നത് മഹത്വമുള്ളതും കെട്ടുറപ്പുള്ളതുമായ സമസ്തയാണ്. മാത്രവുമല്ല നമ്മുടെ മഹാന്മാരായ നേതാക്കളായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ബാഫഖീ തങ്ങള്‍, പി.എം.എസ്.എ. പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമര്‍ അലി ശിഹാബ് തങ്ങള്‍, കെ.ടി. മാനു മുസ്ലിയാര്‍, റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ്, സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ് തുടങ്ങിയവരും ഇവിടെ പ്രതിപാദിക്കപെടാത്തവരുമായ ഒരു പാട് നേതാക്കള്‍. ജീവിച്ചിരിക്കുന്ന സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, ആലികുട്ടി മുസ്ലിയാര്‍, പാണക്കാട് തങ്ങള്‍മാര്‍. ഇങ്ങനെയുള്ള മഹാന്മാരായ ആളുകളുടെ നേതൃത്വംകൊണ്ട് അനുഗൃഹീതമായ പ്രസ്ഥാനമാണ് സമസ്ത. നാം സമസ്തയുടെ പിന്നില്‍ അടിയുറച്ച് നില്‍ക്കണം. അതിനായി പ്രവര്‍ത്തിക്കണം. നമ്മുടെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ബഹുമാനപ്പെട്ട സമസ്തയെ പറ്റിയും അതിനെ നയിച്ചതും നയിക്കുന്നതുമായ മഹാന്മാരായ നേതാക്കളെ പറ്റിയും നാട്ടില്‍ സുസ്ഥിര സമാധാന നിലനില്‍പ്പിന്റെ ആവശ്യകതയെപ്പറ്റിയും ബോധം ഉണ്ടാവണം. സമസ്തയെ മനസ്സിലാക്കാന്‍ ഉസ്താദുമാരുടെ സാരോപദേശം ഉള്‍കൊള്ളണം. യാതൊരു വൈമനസ്സ്യവുമില്ലാതെ ഈ മഹത്തായ തണല്‍ വൃക്ഷത്തിനു വളരാനുള്ള പ്രചോദനം ഉണ്ടാക്കിയെടുക്കാന്‍ നാം ശ്രമിക്കണം.

ലോകം കീഴടക്കാന്‍ വിജ്ഞാന സമ്പാദനം വഴി വെമ്പല്‍ കൊള്ളുകയാണ്  വിദ്യാര്‍ത്ഥി ലോകം. വിജ്ഞാനമാര്‍ജിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. വിനയം, ബുദ്ധിസാമര്‍ത്ഥ്യം, സ്ഥിരോത്സാഹം, ക്ഷമാശീലം, കാലദൈര്‍ഘ്യം, ഗുരുമാര്‍ഗദര്‍ശനം എന്നീ ബാഹ്യമായതാണൊന്ന്.  ഗുരുനാഥരുടെ പ്രീതി പണ്ഡിത മഹാത്മാക്കളുടെ പ്രാര്‍ത്ഥനാശീര്‍വാദങ്ങള്‍ എന്നീ ആന്തരികമായ ഘടകങ്ങളാണ് മറ്റൊന്ന്. വിദ്യാര്‍ത്ഥികളുടെ നേതാക്കള്‍ ഉസ്താദുമാരാണ്. ഗുരുജനങ്ങള്‍ മറ്റുള്ളവരുടെ നേതാക്കളും. മാര്‍ഗ ദര്‍ശനം നല്‍കുന്നവരും വിജ്ഞാനത്തിന്റെ സഹായികളുമാണ്.

അല്ലാഹു പറയുന്നു: ‘ഓരോ വിഭാഗക്കാര്‍ക്കും ഓരോ ലക്ഷ്യബോധമുണ്ട്. അതിന്റെ നേര്‍ക്ക് അവര്‍ തിരിയുന്നു. അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് ഞാന്‍ ഞാന്‍ എന്ന വാശിയോടെ നിങ്ങള്‍ മുന്നേറുക. എവിടെയായിരുന്നാലും നിങ്ങളെല്ലാവരെയും അല്ലാഹു കൊണ്ടുവരും. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്..(അല്‍ബഖറ:148) നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നുവോ അതിനെ കുറിച്ച് അല്ലാഹു അശ്രദ്ധനല്ല.(അല്‍ബഖറ:149 ). നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവ് ചെയ്യുക. സ്വന്തം കൈകളെ  നാശത്തിലേക്ക് എറിഞ്ഞു കളയരുത്. നിങ്ങള്‍ നന്മ ചെയ്യുക. നിശ്ചയം നന്മ ചെയ്യുന്നവരെ അല്ലാഹു സ്നേഹിക്കുന്നതാണ്.(അല്‍ബഖറ:195) അത് കൊണ്ട് തന്നെ നമ്മുടെ പ്രവര്‍ത്തനം മടികൂടാതെ സുന്നിബാലവേദിയുടെയും ബഹു. സമസ്തയുടെയും വളര്‍ച്ചാക്കായിരിക്കണം. നബി(സ) മടിയെ തൊട്ട് കാവല്‍ ചോദിച്ചത് ഹദീസില്‍ വ്യക്തമാണ്. നാമും മടിയെ തൊട്ട് കാവല്‍ ചോദിക്കണം. ഒരുകവി പറഞ്ഞത് പോലെ ”മുടക്കുണ്ടാക്കുന്നവരോടും മടിയുള്ളവരോടും നീ സഹവസിക്കരുത്. അത്മതത്തില്‍ വലിയ വിപത്തുണ്ടാക്കും”.

സുന്നിബാലവേദിയുടെ ഭരണഘടനവിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാം നേതൃത്വം നല്‍കണം. ഭരണഘടന വ്യക്തമാക്കുന്ന ലക്ഷ്യം താഴെ ചേര്‍ക്കുന്നു.

  • സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശനങ്ങളിലധിഷ്ഠിതമായ ഒരു ബാലസമൂഹമായി പ്രവര്‍ത്തിക്കുക.
  • വിദ്യാര്‍ത്ഥികളില്‍ ദീനീ ബോധവും വിശ്വാസ ദാര്‍ഢ്യവും അച്ചടക്കവും സൗഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തുക.
  • ഗുരുശിഷ്യ ബന്ധം ഊട്ടിയുറപ്പിക്കുകയും ഐഹികവും പാരത്രികവുമായ അത്യുന്നതിക്കായി പ്രവര്‍ത്തി ക്കുകയുംചെയ്യുക.
  • നിരീശ്വര നിര്‍മിത പുത്തന്‍ പ്രസ്ഥാനങ്ങളുടെ പ്രചാര വേലക്കെതിരെ ബാലവിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുകയും അവര്‍ക്കിടയില്‍ ഇസ്ലാമിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയുംചെയ്യുക.
  • മതേതര രാഷ്ട്രമായ ഇന്ത്യയുടെ ഭദ്രതക്കും ഇന്ത്യക്കാരുടെ നന്മക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ദോഷകരമായതിനെതിരെ പ്രതികരിക്കുകയും ചെയ്യുക
  • സംസ്‌കാര സമ്പന്നരായ ഒരുതലമുറയെ വാര്‍ത്തെടുക്കുകയും മതഭൗതിക വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
  • ഇസ്ലാമിക പ്രചാരണത്തിനും കലാസാഹിത്യ പോഷണത്തിനും ലൈബ്രറി, സാഹിത്യ സമാജം എന്നിവ സ്ഥാപിച്ചു നടത്തുക..
  • പ്രാഥമിക പഠനത്തിനിടക്ക് രംഗത്തു നിന്നു ഒഴിഞ്ഞ് പോകുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പഠനം തുടരാനാവശ്യമായത് ചെയ്ത് കൊടുക്കുക.
  • നിര്‍ധനരും നിരാലംബരുമായിവരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായസഹായം നല്‍കുക.
  • ഭാവിജീവിതം ഭാസുരമാക്കാന്‍ വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളെയും ബോധവാന്മാരാക്കുക.

മേല്‍ ലക്ഷ്യത്തിലാണ് നമ്മുടെ പ്രവര്‍ത്തനം നടത്തേണ്ടത്. സുന്നിബാലവേദിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുട നീളം വ്യാപിച്ചു കിടക്കുകയാണ്. 10637 മദ്രസാ യൂണിറ്റുകളും 450 റൈഞ്ച് യൂണിറ്റുകളും 17 ജില്ലാ യൂണിറ്റുകളും (നീലഗിരി, ദക്ഷിണ കന്നഡ, കൊടക് എന്നിവ ആണ് സംസ്ഥാന കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇതര ജില്ലകള്‍. വിദേശ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്).  എസ്.വി. മുഹമ്മദലി മാസ്റ്റര്‍, അബ്ദുറസാഖ് ബുസ്താനി തുടങ്ങിയവരാണ് സംഘടനയുടെ പ്രഥമ സ്ഥാപകര്‍, പിന്നീട് ഭരണഘടന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‌സിലിന്റെ  കീഴില്‍ സ്ഥാപിക്കുകയും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഥമ പ്രസിഡന്റാവുകയും ചെയ്തു. യുവപ്രതിഭ പാണക്കാട്‌സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങളാണ് ഇപ്പോള്‍ (2018) നേതൃത്വം നല്‍കുന്നത്. മാത്രവുമല്ല ഭരണഘടനാപരമായി ഉപദേശങ്ങള്‍ നല്‍കാന്‍ ഒരു ഉപദേശകസമിതി എല്ലാഘടകങ്ങള്‍ക്കുമുണ്ട്. സമസ്തയുടെ കീഴ്ഘടകങ്ങളായ SYS,SMF,SKSSF, SKJM,SKIMVB,SKMMA  എന്നിവയുടെ ഓരോ പ്രതിനിധികളാണ് ഉപദേശകസമിതി അംഗങ്ങള്‍. SKJM ന്റെ പ്രതിനിധി ചെയര്‍മാനും SKSSF ന്റെ പ്രതിനിധി കണ്‍വീനറുമാണ്.

സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഉസ്താദുമാരും സജീവമാണ്. ബഹുമുഖ പദ്ധതിയാണ് സംസ്ഥാന കമ്മിറ്റി നടപ്പില്‍ വരുത്തുന്നത്. ജ്ഞാനതീരം ടാലന്റ് സേര്‍ച്ച്, ബാല ഇന്ത്യ, ജലദിന കാമ്പയിന്‍, ഗുരു മുഖത്ത്, റബീഅ് കാമ്പയിന്‍, അവധിക്കാല കാമ്പയിന്‍, അവാര്‍ഡുദാനം തുടങ്ങിയവ ചിലതു മാത്രം.

മേല്‍ ഘടകം വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിജയപ്രദമാവണമെങ്കില്‍ മദ്റസ പ്രസ്ഥാനം എന്നും സജീവമായിരിക്കണം. പഠനം പൂര്‍ത്തിയാക്കാതെയുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് അവസാനിക്കണം. ഇതിന് സുന്നിബാലവേദി പ്രവര്‍ത്തകര്‍ തന്നെ ശക്തമായി പ്രവര്‍ത്തിക്കണം. അലി (റ) പറഞ്ഞു: വിജ്ഞാനാന്വേഷിയെ സ്വര്‍ഗ്ഗം തേടിവരും. എന്നാല്‍ പാപം ചെയ്യാന്‍ ഒരുങ്ങിയവനെ നരകവും. ഹസന്‍ ബസ്വരി(റ) പറഞ്ഞതായി കാണാം: ”മര്യാദയില്ലാത്തവന് ജ്ഞാനം ലഭ്യമല്ല. ക്ഷമയില്ലാത്തവന്‍ മതവിശ്വാസിയാവുകയില്ല. സൂക്ഷ്മതയില്ലാത്തവന് ദൈവസാമീപ്യം സാധ്യമല്ല. വിജ്ഞാനം ഇസ്ലാമിന്റെ ജീവനാണ്. വിജ്ഞാനം നില നിര്‍ത്തുന്നതിന് ഇല്‍മിന്റെ സേവകരാവുക എന്നാണര്‍ത്ഥം”.

ഇങ്ങനെയുള്ള മഹത്തുക്കളുടെ വാക്കുകള്‍ ഉയര്‍ത്തിപ്പിടിച്ച് സുന്നി ബാലവേദി പ്രവര്‍ത്തകര്‍ കൂടുതല്‍ ഊര്‍ജ്ജ സ്വലരായി കര്‍മ രംഗത്ത് മുന്നേറണം. ഏത് കൊടുങ്കാറ്റടിച്ചാലും നാം പതറരുത്. ദേഹേച്ഛ പാപങ്ങളുടെ കടലും മരണം ആയുസ്സിന്റെ കടലും ഖബ്‌റ് ദുഃഖങ്ങളുടെ കടലും ആണ്എന്ന് നാലു കടലുകളെ കുറിച്ച് ഉമര്‍ (റ) പറഞ്ഞതിനെ കുറിച്ച് നമുക്ക് ബോധവുണ്ടാവണം. പ്രശസ്തനായ ഒരു കവി പറഞ്ഞു: നീ നല്ലവരോട് കലരുക. അവര്‍ മൂലം നീ നന്മയെ എത്തിക്കും. അവര്‍ ഭൂമിയിലെ ചന്ദ്രന്മാരാണ്. കക്കൂസ് ടാങ്കിലെ വെള്ളം സമുദ്രജലത്തോട് ചേര്‍ന്നാല്‍ അഴുക്ക് നീങ്ങി അത് ശുദ്ധമാകുന്നതാണ്.

തിന്മയെ തടുക്കുവാനുള്ള ഏറ്റവും നല്ല ആയുധം നന്മയാണ്. അത് നമ്മുടെ നയമായിരിക്കണം. അതിന് നമ്മുടെ ഉദാരമായ പെരുമാറ്റം, ക്ഷമ, മാപ്പ്, വിട്ടുവീഴ്ച, നല്ല വാക്കുകള്‍, പ്രതികാര മനഃസ്ഥിതി ഉപേക്ഷിക്കല്‍ തുടങ്ങി എല്ലാ നല്ല സ്വഭാവങ്ങളും നാം ആര്‍ജ്ജിച്ചെടുക്കണം. മതപ്രചാരണം, പ്രസംഗം, എഴുത്ത് തുടങ്ങിനമ്മുടെ എല്ലാ ഇടപെടലുകളിലും നാം തന്മയത്വത്തോടെ അവ പ്രായോഗികമാക്കുകയും വേണം. നമ്മുടെ ബഹുമാനപ്പെട്ട ഗുരുനാഥന്മാര്‍, നേതാക്കള്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുടെ അനുഗ്രഹവും ആശീര്‍വാദവും നാം നേടണം. നമ്മുടെ പ്രിയപ്പെട്ട സംഘടനയെ വളര്‍ത്തി ഭാവിയുടെ നല്ല സമൂഹത്തിന് ഉതകുന്ന വിധത്തില്‍ പ്രവര്‍ത്തനം കാഴ്ച വെച്ച് സമസ്ത എന്ന പ്രസ്ഥാനത്തിന്റെ പതാകക്ക് കീഴില്‍ അണി നില്‍ക്കാന്‍ ശ്രമിക്കണം. ഭാവിയില്‍ നമ്മുടെ നാടിന്, നമ്മുടെ മഹല്ലത്തിന്, നമ്മുടെ രാജ്യത്തിന്, സമൂഹത്തിന് ഗുണകാംക്ഷയുള്ള ഉത്തമ പൗരന്മാരായി മുസ്ലിം സമൂഹം മാറണം. അതിന് അല്ലാഹുതൗഫീഖ് നല്‍കട്ടെ… ആമീന്‍.